2011 ഫെബ്രുവരി 9, ബുധനാഴ്‌ച

എന്തിനാണീ അടിച്ചു പൊളി?

സത്യാർത്ഥി
ഓടി കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞ് കാൽതെറ്റി നിലത്തു വീണു കരയുമ്പോൾ, വീണ നിലത്തെയോ, തൊട്ടടുത്തുള്ള മറ്റെന്തെങ്കിലും വസ്തുവെയോ ശകാരിച്ചു തല്ലി, കുഞ്ഞിന്റെ കരച്ചിലടക്കുന്ന ചെപ്പിടി വിദ്യ സാധാരണ അമ്മമാർ സ്വീകരിക്കാറുണ്ട്. മനശാസ്ത്രപരമായ ഈ പ്രതിക്രിയയിലൂടെ കുഞ്ഞ് പഴയ ആഹ്ലാദത്തിലേക്ക് തിരിച്ചു പോകുന്നത് സാധാരണ സംഭവമാണല്ലൊ. തികച്ചും ഇതേ മനശാസ്ത്രപരമായ ചികിത്സ തന്നെയാൺ, ഷൊർണൂരിലെ മഞ്ഞടക്കാട് ചുടുവാലത്തൂർ സൌമ്യയെന്ന 23 കാരി, ഗോവിന്ദസ്വാമിയെന്ന ക്രൂരന്റെ ആക്രമത്തിന്നിരയായി ദയനീയമായി കൊല്ലപ്പെട്ടപ്പോൾ, കേരളത്തിലെ പ്രമുഖരായ രണ്ടു രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. കണ്ണൂർ - എറണാകുളം പാസഞ്ചർ വണ്ടിയുടെ എഞ്ചിന്റെ ചില്ലുകൾ ബി. ജെ. പിക്കാർ തച്ചുടച്ചപ്പോൾ ഷൊർണൂർ ആർ. പി. എഫ് ആപ്പീസ് തകർത്തു കൊണ്ടാൺ ഡി. വൈ. എഫ്. ഐ എന്ന ഭരണപക്ഷത്തിന്റെ കുഞ്ഞാടുകൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒരു മഹാ ക്രൂരന്റെ ആക്രമത്തിനിരയായി ആസന്ന മരണയായി ആശുപത്രിയിൽ കഴിയുകയായിരുന്ന സൌമ്യക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്ന കേരളീയ മനസാക്ഷിയെ സാന്ത്വാനപ്പെടുത്താനാണല്ലൊ ഈ കൂട്ടർ ഈ ക്രിയകൾ നടത്തിയത്. യഥാർത്ഥത്തിൽ, കേരളീയരെ കേവലം ശിശുക്കളായി കണക്കാക്കുകയാണല്ലോ ഇതിലൂടെ ഇവർ ചെയ്തിരിക്കുന്നത്. തങ്ങളുടെ ഈ പ്രതിഷേധം വഴി കൈരളിയുടെ മനസാക്ഷിയെ ആകർഷിക്കാൻ തങ്ങൾക്കാവുമെന്നാണല്ലോ ഇവർ സ്വപ്നം കാണുന്നത്. പക്ഷെ, കേരള ജനത ഈ അവസ്ഥയിൽ നിന്നും എത്രയോ ഉയർന്നു കഴിഞ്ഞുവെന്ന് കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലൂടെ നാം കണ്ടു കഴിഞ്ഞതാൺ. ഈ തിരിച്ചറിവില്ലാതെ പോയതാൺ ഇവർക്കു പറ്റിയ ഏറ്റവും വലിയ അമളി. അല്ലെങ്കിലെന്താൺ ഈ പ്രതിഷേധത്തിനർത്ഥം? ആരോടാണീ പ്രതിഷേധം? എന്തിനാണീ പ്രതിഷേധം? ഈ കടുംകൈ ചെയ്ത ഗോവിന്ദ സ്വാമിയോടല്ലെന്നത് തീർച്ച. തീവണ്ടി തകർത്താലും ആപ്പീസ് തകർത്താലും അയാൾക്കൊന്നുമില്ല.

മുമ്പ് നടന്ന ഒരടിപിടിയിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും ഇത്തരം ഒരു ക്രൂര കൃത്യത്തിന്ന് അയാൾ ഒരുമ്പെടണമെങ്കിൽ, അയാളുടെ ഉള്ളിലെ പിശാച് എത്രമാത്രം ശക്തമാണെന്നു ഊഹിക്കാവുന്നതേയുള്ളു. ഇനി ഭരണ കൂടത്തോടാണെന്നു കരുതാനും വയ്യ. കാരണം, ഭരണ കൂടത്തെ ഇതിന്റെ പേരിൽ പ്രതി പക്ഷം പോലും ക്രൂശിക്കുന്നതായി കാണുന്നില്ല. മാത്രമല്ല, ഭരണകൂടത്തിന്റെ കുഞ്ഞാടുകൾ തന്നെയാൺ ഈ പ്രതിഷേധക്കാരിലൊരു ഭാഗം. ഇനി, സൌമ്യയുടെ അപ്രതീക്ഷിത മരണമുണ്ടാക്കിയ ആഘാതമാൺ ഇത്തരമൊരു പ്രതിഷേധത്തിലേക്കവരെ നയിച്ചതെന്നു കരുതാനും പ്രയാസമുണ്ട്. കാരണം, മുംബയിൽ വെച്ചു നിരവധി യുവതീയുവാക്കളെയും ബാലികാബാലന്മാരെയും വൃദ്ധ ജനങ്ങളെയും ചുട്ടു കൊന്നു ആനന്ദ നൃത്തമാടിയ സംഘ് പരിവാരിന്റെ പ്രധാന ഘടകം തന്നെയാണല്ലൊ ഇവരിലെ ഒരു വിഭാഗം. മറ്റെ വിഭാഗമാകട്ടെ, കുരുന്നുകളുടെ ക്ലാസുമുറിയിലേക്ക് കയറിചെന്ന്, അവരുടെ പ്രിയപ്പെട്ട ഗുരുനാഥനെ, അവർക്കുമുമ്പിൽ വെച്ചു തന്നെ ഇഞ്ചിഞ്ചായി അറുകൊല നടത്തിയ പാർട്ടിയുടെ ഭാഗവും. ഇത്തരക്കാർക്ക്, മഞ്ഞടക്കാട് ചുടുവാലത്തൂർ സൌമ്യയെന്ന 23 കാരിയോട് ഇത്രമാത്രം അനുകമ്പ തോന്നുമെന്നെങ്ങനെ വിശ്വസിക്കാനാകും? നീതി പൂർവകമായ അനുകമ്പയാൺ അവർ പ്രകടിപ്പിച്ചതെങ്കിൽ, അത് നാം നികുതി കൊടുത്തു നിർമ്മിച്ച തീവണ്ടി എഞ്ചിനോടോ, ആർ. പി. എഫ് ആപ്പീസിനോടോ ആകുമായിരുന്നില്ല. പ്രത്യുത, റയില് വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സദാ അലഞ്ഞു നടക്കുന്ന ക്രിമിനലുകളോടും മദ്യപാനികളോടും മയക്കുമരുന്ന് മാഫിയകളോടുമായിരുന്നു. ഇത്തരക്കാർ മുഖേന ദിനം പ്രതിയെന്നോണം എത്രയോ ‘സൌമ്യ‘മാർ ക്രൂരതകൾക്ക് ഇരകളായി കൊണ്ടിരിക്കുന്നുവെന്നത് എല്ലാവർക്കുമറിയുന്ന ഒരു വസ്തുതയാണല്ലൊ.
അതിനാ ൽ, സമൂഹത്തിനുപകരിക്കുന്ന വിധം നടത്തപ്പെടുന്ന പ്രതിഷേധമേ കേരളീയ മനസാക്ഷിയെ ആകർഷിക്കുകയുള്ളുവെന്ന് തിരിച്ചറിഞ്ഞു കൊണ്ടായിരിക്കട്ടെ ഇനിയത്തെ നീക്കങ്ങൾ.

2009 നവംബർ 8, ഞായറാഴ്‌ച

പണ്ട് സ്വന്തം മുലകളില്‍


പണ്ട് സ്വന്തം മുലകളില്‍ ഗര്‍ഭനിരോധന ഉറകളുടെ പരസ്യം പച്ചകുത്താന്‍ ഒരു അമേരിക്കക്കാരി ആജീവനാന്തം വാടകയ്ക്ക് കൊടുത്ത സംഭവം നിങ്ങളെല്ലാവരും വായിച്ചിരിക്കും .എന്നാല്‍ ഇതാ മറ്റൊരു പരസ്യം .
ഈ ചിത്രം ഇ-മെയില്‍ വഴി ലഭിച്ചത്.

2009 ഏപ്രിൽ 7, ചൊവ്വാഴ്ച

വിപണി

ഇത് വെളിച്ചപ്പാടിന്‍റെ തിരിഉഴിച്ചില്‍ വഴിപാടല്ല,
സമ്പന്നരുടെ അന്നവിനോദം.





























2009 ഫെബ്രുവരി 12, വ്യാഴാഴ്‌ച

ഉഷ്ണച്ചൂട്


സൌദി അറേബ്യയിലെ ബദുക്കള്‍ പാര്‍ക്കുന്ന മലയടിവാരത്തെ നിറയെ ഈന്തപ്പനകളുള്ള ഒരു ഗ്രാമത്തിലെ ഏക മരുന്ന് ഷാപ്പിലെ ഫാര്‍മസിസ്റ്റാണ് ശുക്കൂര്‍. ‘ദൊക്തൂര്‍ ശുക്കൂര്‍’ എന്ന് ബദുക്കള്‍ വിളിയ്ക്കും. അവരുടെ കണ്‍കണ്ട ദൈവം!!?. വശീകരണം കിറുങ്ങല്‍ മുതല്‍ രതിയുടെ കലിപ്പിനുള്ള രാസവസ്തുക്കള്‍ വരെ കരിഞ്ചന്തയില്‍ ഇവിടെ സുലഭം.“ ഇതൊക്കെ ഹറാമല്ലെ?”, എന്ന് ചോദിച്ചാല്‍ ശുക്കൂര്‍ തിരിച്ച് ചോദിക്കും “അവര്‍ക്കില്ലാത്ത ഹറാം നമുക്കെന്തിന്?”. അങ്ങിനെ ശുക്കൂ‍റിന്‍റെ പോക്കറ്റ് വീര്‍ക്കുന്നത് പോലെ ബദുക്കള്‍ സല്‍ക്കരിക്കുന്ന കബ്സയും അലീസും കഴിച്ച് അയാള്‍ വീര്‍ത്തു ചീര്‍ത്തു.

വിദ്യാഭ്യാസം പടികയറാത്ത ആ ഗ്രാമത്തിലെ റോള്‍സ് റോയ്സിന് വഴിമാറി കൊടുക്കുന്ന കഴുതസവാരിക്കാരന്‍ ബദുവും ചേലാകര്‍മ്മം കഴിഞ്ഞ് വ്രണലേപനം വാങ്ങാന്‍ സ്വയം കാര്‍ ഓടിച്ച് മലയിറങ്ങി വരുന്ന ഏഴുവയസ്സുകാരന്‍ ബദുപ്പയ്യനും മുഴുത്ത മാറിടം കാട്ടി മോഹിപ്പിച്ച് ചുളുവിലയ്ക്ക് സാധനങ്ങള്‍ കൈക്കലാക്കുന്ന ബദുസ്ത്രീകളും ശുക്കൂറിന്ന് കൌതുകങ്ങളായിരുന്നു.

നീണ്ട രണ്ടുവര്‍ഷത്തെ ജീവിതം അയാളില്‍ മടുപ്പുളവാക്കുന്നത് അയാളറിയാന്‍ തുടങ്ങി. വിവാഹജീവിതത്തെ പറ്റി വീട്ടുകാരുടെ ഉത്ബോധനം നിറഞ്ഞ കുറിമാനങ്ങള്‍ ഇതിനകം അയാള്‍ പലപ്പോഴായി കൈപറ്റിയിരുന്നു. അവസാനം പെണ്ണന്വേഷത്തിനായ് സിഗ്നല്‍ കൊടുക്കുകയും ചെയ്തു. മുറപോലെ വീട്ടുകാര്‍ പെണ്ണുകാണുകയും ഇഷ്ടപ്പെടുകയും ചെയ്തു.

അടുത്ത ഊഴം ശുക്കൂറിന്‍റേതായിരുന്നു. അവധി അപേക്ഷിക്കാനായി അര്‍ബാബിനെ സമീപിച്ചെങ്കിലും അനുവദിച്ചു കിട്ടിയില്ല. ഇങ്ങനെ പലപ്പോഴായും തുടര്‍ന്നു. വിവാഹത്തെ കുറിച്ച് സ്വപ്നങ്ങള്‍ നെയ്തിരുന്ന അയാളില്‍ നിരാശ പടര്‍ന്നു. മനസ്സില് ‍കാമത്തിന്‍റെ ഉഷ്ണച്ചൂട് വര്‍ദ്ധിക്കയും ചെയ്തു. അയാളുടെ മുഖം ഒരിക്കലും കണ്ണാടിയില്‍ നോക്കാതെയായി.

സര്‍ക്കാരിന്‍റെ കടുത്ത നിബന്ധനകളാല്‍ കരിഞ്ചന്ത വില്പനയ്ക്ക് മാന്ന്യം അനുഭനപ്പെട്ടിരുന്നു ഇതിനകം. എങ്കിലും അല്പസ്വല്പം ഒളിച്ചും വില്പന നടന്നിരുന്നു. എന്നാല്‍ ശുക്കൂര്‍ അതിലൊന്നും താത്പര്യം കാണിച്ചില്ല.

ഒരു ദിവസം ഒരു പടുകിഴവനായ ബദു കഴുതപ്പുറത്ത് വന്നിറങ്ങി കലിപ്പിനുള്ള മരുന്നു ചോദിച്ചു . സ്വന്തം കലിപ്പ് തീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാതെ അഷ്ടദിക്കും നോക്കിയിരിക്കുന്ന ശുക്കൂര്‍ ഒന്ന് ശങ്കിച്ചു....കൊടുക്കണോ.....വേണ്ടായൊ?. അവസാനം കൊടുക്കാന്‍ തീരുമാനിച്ച് അകത്തെ ഒളിസ്ഥലത്ത് നിന്നും മരുന്നെടുത്ത് വരുമ്പോള്‍ അബദ്ധവശാല്‍ അയാളുടെ മുഖം ഒരു കണ്ണാടിയില്‍ പ്രത്യക്ഷപ്പെട്ടത്. ഒന്നും ആലോചിച്ചില്ല ആ മരുന്നെടുത്ത് അയാള്‍ ആ ചില്ലിനു നേരെ ആഞ്ഞെറിഞ്ഞു. കണ്ണാടി ചില്ലുകള്‍ അയാളുടെ മോഹങ്ങളെ പോലെ തകര്‍ന്ന് വീണു.


ശുഭം

2009 ഫെബ്രുവരി 3, ചൊവ്വാഴ്ച

ആദ്യ വെളിപാട്






ദൈവമേ കാത്തോളണേ...,

ഗ്രാമങ്ങളുടെ ജീവന്‍ സ്വയം ആവാഹിച്ച് ഗ്രാമങ്ങളുടെ പ്രതീകമായി മനസ്സില്‍ മായാതെ നില്‍ക്കുന്ന ആപ്രതിരൂപം. അതെ-അതാണ് വെളീച്ചപ്പാട്. സ്വന്തം നെറ്റിയില്‍ വെട്ടി ഉറഞ്ഞ് തുള്ളുമ്പോള്‍, അവന്‍ ഓര്‍ക്കാറില്ല അവന്‍റെ വേദനയെ അവന്‍റെ പരാധീനതയെ. അവന്‍റെ മനസ്സില്‍ ഒരേ ഒരു മന്ത്രം മാത്രം നാടിന്‍റെ സൌഖ്യം. അവസാനം നെറ്റിയില്‍ മഞ്ഞളും വാരിപ്പൊത്തി വീടണയുമ്പോള്‍ ഒട്ടിയ വയറുകള്‍ക്ക് മുന്‍പില്‍ താഴ്ന്ന ശിരസ്സും കയ്യിലെ ചില്ലറ തുട്ടുകളും!?.

കാണാതെ പോകുന്ന ഇത്തരം ജീവിതങ്ങള്‍- ഇവിടെ മുക്രിയും കപ്യാരും ശാന്തിക്കാരും തുല്യം- മനസ്സിനെ എപ്പോഴും വേദനിപ്പിക്കാറുണ്ട്. സഹജീവികളെ അറിയുക എന്നത് ഒരു മനുഷ്യസ്നേഹിയുടെ ബാധ്യതയാണല്ലൊ?.


ബൂലോഗം വാഴും ബ്ലോഗനാര്‍കാവില്‍ മുത്തിമാരെ, മുത്തപ്പന്മാരെ വന്ദനം. ഞാനൊരഭിനവ വെളിച്ചപ്പാട്. ഞാന്‍ കണ്ടതും കേട്ടതും എനിയ്ക്കു തോന്നിയതൊക്കെ വിളിച്ചു പറയും. വെളിപാട് കിട്ടിയാല്‍ പറയാണ്ടിരിയ്ക്കാന്‍ പറ്റില്ലല്ലോ?. ഇഷ്ടക്കേട് എന്തെങ്കിലും തോന്നിയാല്‍ എന്നോട് പൊറുത്തോളണേ...

ഇതിലെ പടം വല്യമ്പ്രാനായ ഗൂഗിള്‍ മുത്തപ്പന്‍ കനിഞ്ഞരുളിയത്.