2011, ഫെബ്രുവരി 9, ബുധനാഴ്‌ച

എന്തിനാണീ അടിച്ചു പൊളി?

സത്യാർത്ഥി
ഓടി കളിച്ചു കൊണ്ടിരിക്കുന്ന കുഞ്ഞ് കാൽതെറ്റി നിലത്തു വീണു കരയുമ്പോൾ, വീണ നിലത്തെയോ, തൊട്ടടുത്തുള്ള മറ്റെന്തെങ്കിലും വസ്തുവെയോ ശകാരിച്ചു തല്ലി, കുഞ്ഞിന്റെ കരച്ചിലടക്കുന്ന ചെപ്പിടി വിദ്യ സാധാരണ അമ്മമാർ സ്വീകരിക്കാറുണ്ട്. മനശാസ്ത്രപരമായ ഈ പ്രതിക്രിയയിലൂടെ കുഞ്ഞ് പഴയ ആഹ്ലാദത്തിലേക്ക് തിരിച്ചു പോകുന്നത് സാധാരണ സംഭവമാണല്ലൊ. തികച്ചും ഇതേ മനശാസ്ത്രപരമായ ചികിത്സ തന്നെയാൺ, ഷൊർണൂരിലെ മഞ്ഞടക്കാട് ചുടുവാലത്തൂർ സൌമ്യയെന്ന 23 കാരി, ഗോവിന്ദസ്വാമിയെന്ന ക്രൂരന്റെ ആക്രമത്തിന്നിരയായി ദയനീയമായി കൊല്ലപ്പെട്ടപ്പോൾ, കേരളത്തിലെ പ്രമുഖരായ രണ്ടു രാഷ്ട്രീയ പാർട്ടികൾ നടത്തിയത്. കണ്ണൂർ - എറണാകുളം പാസഞ്ചർ വണ്ടിയുടെ എഞ്ചിന്റെ ചില്ലുകൾ ബി. ജെ. പിക്കാർ തച്ചുടച്ചപ്പോൾ ഷൊർണൂർ ആർ. പി. എഫ് ആപ്പീസ് തകർത്തു കൊണ്ടാൺ ഡി. വൈ. എഫ്. ഐ എന്ന ഭരണപക്ഷത്തിന്റെ കുഞ്ഞാടുകൾ തങ്ങളുടെ പ്രതിഷേധം പ്രകടിപ്പിച്ചത്. ഒരു മഹാ ക്രൂരന്റെ ആക്രമത്തിനിരയായി ആസന്ന മരണയായി ആശുപത്രിയിൽ കഴിയുകയായിരുന്ന സൌമ്യക്കു വേണ്ടി ഉള്ളുരുകി പ്രാർത്ഥിച്ചു കൊണ്ടിരുന്ന കേരളീയ മനസാക്ഷിയെ സാന്ത്വാനപ്പെടുത്താനാണല്ലൊ ഈ കൂട്ടർ ഈ ക്രിയകൾ നടത്തിയത്. യഥാർത്ഥത്തിൽ, കേരളീയരെ കേവലം ശിശുക്കളായി കണക്കാക്കുകയാണല്ലോ ഇതിലൂടെ ഇവർ ചെയ്തിരിക്കുന്നത്. തങ്ങളുടെ ഈ പ്രതിഷേധം വഴി കൈരളിയുടെ മനസാക്ഷിയെ ആകർഷിക്കാൻ തങ്ങൾക്കാവുമെന്നാണല്ലോ ഇവർ സ്വപ്നം കാണുന്നത്. പക്ഷെ, കേരള ജനത ഈ അവസ്ഥയിൽ നിന്നും എത്രയോ ഉയർന്നു കഴിഞ്ഞുവെന്ന് കഴിഞ്ഞ കുറെ തെരഞ്ഞെടുപ്പുകളിലൂടെ നാം കണ്ടു കഴിഞ്ഞതാൺ. ഈ തിരിച്ചറിവില്ലാതെ പോയതാൺ ഇവർക്കു പറ്റിയ ഏറ്റവും വലിയ അമളി. അല്ലെങ്കിലെന്താൺ ഈ പ്രതിഷേധത്തിനർത്ഥം? ആരോടാണീ പ്രതിഷേധം? എന്തിനാണീ പ്രതിഷേധം? ഈ കടുംകൈ ചെയ്ത ഗോവിന്ദ സ്വാമിയോടല്ലെന്നത് തീർച്ച. തീവണ്ടി തകർത്താലും ആപ്പീസ് തകർത്താലും അയാൾക്കൊന്നുമില്ല.

മുമ്പ് നടന്ന ഒരടിപിടിയിൽ ഒരു കൈ നഷ്ടപ്പെട്ടിട്ടും ഇത്തരം ഒരു ക്രൂര കൃത്യത്തിന്ന് അയാൾ ഒരുമ്പെടണമെങ്കിൽ, അയാളുടെ ഉള്ളിലെ പിശാച് എത്രമാത്രം ശക്തമാണെന്നു ഊഹിക്കാവുന്നതേയുള്ളു. ഇനി ഭരണ കൂടത്തോടാണെന്നു കരുതാനും വയ്യ. കാരണം, ഭരണ കൂടത്തെ ഇതിന്റെ പേരിൽ പ്രതി പക്ഷം പോലും ക്രൂശിക്കുന്നതായി കാണുന്നില്ല. മാത്രമല്ല, ഭരണകൂടത്തിന്റെ കുഞ്ഞാടുകൾ തന്നെയാൺ ഈ പ്രതിഷേധക്കാരിലൊരു ഭാഗം. ഇനി, സൌമ്യയുടെ അപ്രതീക്ഷിത മരണമുണ്ടാക്കിയ ആഘാതമാൺ ഇത്തരമൊരു പ്രതിഷേധത്തിലേക്കവരെ നയിച്ചതെന്നു കരുതാനും പ്രയാസമുണ്ട്. കാരണം, മുംബയിൽ വെച്ചു നിരവധി യുവതീയുവാക്കളെയും ബാലികാബാലന്മാരെയും വൃദ്ധ ജനങ്ങളെയും ചുട്ടു കൊന്നു ആനന്ദ നൃത്തമാടിയ സംഘ് പരിവാരിന്റെ പ്രധാന ഘടകം തന്നെയാണല്ലൊ ഇവരിലെ ഒരു വിഭാഗം. മറ്റെ വിഭാഗമാകട്ടെ, കുരുന്നുകളുടെ ക്ലാസുമുറിയിലേക്ക് കയറിചെന്ന്, അവരുടെ പ്രിയപ്പെട്ട ഗുരുനാഥനെ, അവർക്കുമുമ്പിൽ വെച്ചു തന്നെ ഇഞ്ചിഞ്ചായി അറുകൊല നടത്തിയ പാർട്ടിയുടെ ഭാഗവും. ഇത്തരക്കാർക്ക്, മഞ്ഞടക്കാട് ചുടുവാലത്തൂർ സൌമ്യയെന്ന 23 കാരിയോട് ഇത്രമാത്രം അനുകമ്പ തോന്നുമെന്നെങ്ങനെ വിശ്വസിക്കാനാകും? നീതി പൂർവകമായ അനുകമ്പയാൺ അവർ പ്രകടിപ്പിച്ചതെങ്കിൽ, അത് നാം നികുതി കൊടുത്തു നിർമ്മിച്ച തീവണ്ടി എഞ്ചിനോടോ, ആർ. പി. എഫ് ആപ്പീസിനോടോ ആകുമായിരുന്നില്ല. പ്രത്യുത, റയില് വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും സദാ അലഞ്ഞു നടക്കുന്ന ക്രിമിനലുകളോടും മദ്യപാനികളോടും മയക്കുമരുന്ന് മാഫിയകളോടുമായിരുന്നു. ഇത്തരക്കാർ മുഖേന ദിനം പ്രതിയെന്നോണം എത്രയോ ‘സൌമ്യ‘മാർ ക്രൂരതകൾക്ക് ഇരകളായി കൊണ്ടിരിക്കുന്നുവെന്നത് എല്ലാവർക്കുമറിയുന്ന ഒരു വസ്തുതയാണല്ലൊ.
അതിനാ ൽ, സമൂഹത്തിനുപകരിക്കുന്ന വിധം നടത്തപ്പെടുന്ന പ്രതിഷേധമേ കേരളീയ മനസാക്ഷിയെ ആകർഷിക്കുകയുള്ളുവെന്ന് തിരിച്ചറിഞ്ഞു കൊണ്ടായിരിക്കട്ടെ ഇനിയത്തെ നീക്കങ്ങൾ.